ഷൈനി ജേക്കബ് ബെഞ്ചമിന് സംസ്ഥാന പുരസ്‌കാരം

ഷൈനി ജേക്കബ് ബെഞ്ചമിന് സംസ്ഥാന പുരസ്‌കാരം

കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തിളക്കവുമായി ഷൈനി ജേക്കബ് ബെഞ്ചമിന്റെ വി വില്‍ നോട്ട് ബി അഫ്രൈഡ് എന്ന ഡോക്യുമെന്ററി. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രം നേടിയിരിക്കുന്നത്. ബിഹാറിലെ ദലിത് പെണ്‍കുട്ടികളുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയ സുധ വര്‍ഗീസ് എന്ന മലയാളി വനിതയെ നേരില്‍ കണ്ട് തയാറാക്കിയ ഡോക്യുമെന്ററിയ്ക്കാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടി രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ട നിരവധി ഡോക്യുമെന്ററികള്‍ ഒരുക്കിയ വിഖ്യാത സംവിധായകയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്‍. വേലുത്തമ്പി ദളവയുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി എന്ന ചിത്രത്തിന് നോണ്‍ ഫീച്ചര്‍ ഇനത്തില്‍ മികച്ച ജീവചരിത്ര സിനിമയ്ക്കുള്ള അറുപത്തഞ്ചാമത് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ദയാബായിയെക്കുറിച്ചുള്ള ഒറ്റയാള്‍, ജര്‍മനിയിലെ മലയാളി നഴ്‌സുമാരെക്കുറിച്ചുള്ള ട്രാന്‍സ്ലേറ്റഡ് ലൈവ്‌സ്, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ പശ്ചാത്തലത്തില്‍ ദസ്തയോവ്‌സ്‌കിയെ അനുസ്മരിക്കുന്ന ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക് തുടങ്ങിയ ഡോക്യുമെന്ററികള്‍ ഏറെ ചര്‍ച്ചയായവയാണ്. കൊല്ലം പുനലൂരാണ് ഷൈനി ജേക്കബ് ബെഞ്ചമിന്റെ സ്വദേശം.

2023 ലെ മികച്ച വാര്‍ത്താ അവതാരകനുള്ള സംസ്ഥാന അവാര്‍ഡ് ട്വന്റിഫോര്‍ ചീഫ് സബ് എഡിറ്റര്‍ പ്രജിന്‍ സി കണ്ണന് ലഭിച്ചു.പ്രഭാത വാര്‍ത്താ അവതരണത്തിനാണ് പുരസ്‌കാരം. വാര്‍ത്തേതര പരിപാടിയിലെ, മികച്ച അവതാരകനുള്ള പുരസ്‌കാരം ട്വന്റിഫോര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി അരവിന്ദിന് ലഭിച്ചു. അരശിയല്‍ ഗലാട്ട എന്ന പരിപാടിക്കാണ് പുരസ്‌കാരം. ഇത് രണ്ടാം തവണയാണ് വി അരവിന്ദിന് ഇതേ പരിപാടിക്ക് പുരസ്‌കാരം ലഭിക്കുന്നത്.

ഫ്‌ലവേഴ്‌സ് ടിവി സംപ്രേഷണം ചെയ്ത സു സു സുരഭിയും സുഹാസിനുമാണ് മികച്ച രണ്ടാമത്ത ടെലി സീരിയല്‍. രാജേഷ് തലച്ചിറയാണ് മികച്ച സംവിധായകന്‍. അമ്മേ ഭഗവതിയിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായും, നന്ദകുമാര്‍ മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു. സു സു സുരഭിയും സുഹാസിനിയും പരമ്പരയിലെ അനുക്കുട്ടിയാണ് മികച്ച രണ്ടാമത്തെ നടി.